ഒടുവില്‍ തീരുമാനമായി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ; എ.കെ. ആന്റണി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു.

പല ഘട്ടങ്ങളായി ചര്‍ച്ച നടന്നു. പലതവണ എല്ലാവരും അഭ്യര്‍ഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ണാടകയിലെ ബിദാറിലും രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളൊക്കെ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.

2014-ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular