നടിയെ ആക്രമിച്ച കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് പ്രത്യേക സി.ബി.ഐ. കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിയനുസരിച്ചാണ് വനിത ജഡ്ജി അധ്യക്ഷയായ സി.ബി.ഐ. കോടതി കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് യുവ നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജി ഉള്‍പ്പെട്ട കോടതിയില്‍ വിചാരണ നടക്കുന്നത്.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ലെന്നാണ് സൂചന. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ യുവ നടി ആക്രമണത്തിനിരയായത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. നടന്‍ ദിലീപും പള്‍സര്‍ സുനിയുമടക്കം കേസില്‍ 11 പ്രതികളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular