സിപിഎം ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായെന്ന പരാതിയുമായി യുവതി; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമെന്ന് സിപിഎം

ഒറ്റപ്പാലം: സിപിഎം പാര്‍ട്ടി ഒാഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായെന്ന പരാതിയുമായി യുവതി രംഗത്ത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎമ്മില്‍ പീഡനവിവാദം പുകയുന്നു. യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറി. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി.യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു.

അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാല്‍, യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണു സൂചന. പാര്‍ട്ടി ഓഫിസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular