ന്യൂസിലന്‍ഡില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി വിദ്യാര്‍ഥിനിയും

കൊടുങ്ങല്ലൂര്‍: ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.

നേരത്തെ കാണാതായത് ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട് ഇന്ത്യന്‍ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലന്‍ഡ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കോഹ്!ലി ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാല്‍ ജഹാംഗീറിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാല്‍ ജഹാംഗീര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ജഹാംഗീറിന്റെ രണ്ട് സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തന്റെ സഹോദരന്‍ ഒറ്റയ്ക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ന്യൂസീലന്‍ഡിലേക്ക് പോകാന്‍ അടിയന്തര വിസ നല്‍കാന്‍ ഇടപെടണമെന്ന് തെലങ്കാന, കേന്ദ്രസര്‍ക്കാരുകളോടും ന്യൂസീലന്‍ഡ് സര്‍ക്കാരിനോടും ജഹാംഗീറിന്റെ സഹോദരന്‍ മുഹമ്മര്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular