എസ്.എസ്.എല്‍.സി പരീക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങും. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും.

ഇതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ (പി.സി.എന്‍.) 1867 പേരും ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ.) 333 പേരും പരീക്ഷയെഴുതും.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 27,436 പേര്‍. ഏറ്റവും കുറച്ചുപേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2114 പേര്‍.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. ആണ്. 2411 പേര്‍. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസിലാണ്. രണ്ടുപേര്‍.

ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3212 പേരാണ് പരീക്ഷയെഴുതുന്നത്. 2957 ആണ്‍കുട്ടികളും 255 പെണ്‍കുട്ടികളും.

എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. 82 പേര്‍ പരീക്ഷയെഴുതും.

എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷ കേന്ദ്രത്തില്‍ 14 പേരും പരീക്ഷയെഴുതും.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചുമുതല്‍ മേയ് രണ്ടുവരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ 13-ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 25-ന് ആരംഭിക്കും.

മൂല്യനിര്‍ണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്‌സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് 29 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാനത്തെ 12 സ്‌കൂളുകളിലായി നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular