അഭിനന്ദനെ ഉപയോഗിച്ച് തേയില പരസ്യം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘താപല്‍ ടീ’ എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്.

ചായ കുടിക്കുന്ന അഭിനന്ദന്‍ ‘ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ’ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പരസ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

‘ഈ പരസ്യം യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിനന്ദനെ ഉപയോഗിച്ച് താപല്‍ ടീ ഇത്തരത്തില്‍ ഒരു പരസ്യം പുറത്തിറക്കിയിട്ടില്ല. പാക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും’, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാണ് താപല്‍ ദാനേദറിന്റെ യഥാര്‍ത്ഥ വീഡിയോ

‘Tapal tea ad’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് നോക്കിയാല്‍ താപല്‍ ടീയുടെ പുറത്തിറങ്ങിയ യഥാര്‍ത്ഥ പരസ്യ ചിത്രം ലഭിക്കും. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ യഥാര്‍ത്ഥ പരസ്യ ചിത്രം കിട്ടും. ഈ വീഡിയോയില്‍ അഭിനന്ദന്റെ ദൃശ്യങ്ങളില്ലെന്നും ടൈംസ് ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.

പരസ്യത്തില്‍ ‘@iedit_whatuwant’ എന്ന വാട്ടര്‍മാര്‍ക്ക് സ്‌ക്രീനില്‍ ഫ്‌ലോട്ട് ചെയ്യുന്നത് കാണാം. വീഡിയോയ്ക്ക് ശേഷവും ഈ വാട്ടര്‍മാര്‍ക്ക് കാണിക്കുന്നുണ്ട്. ഇത് ഈ വീഡിയോ എഡിറ്റ് ചെയ്തയാളുടെ ഹാന്‍ഡില്‍ ആകാനാണ് സാധ്യത. എന്നാല്‍ ഇങ്ങനെയൊരു ഹാന്‍ഡില്‍ ട്വിറ്ററില്‍ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഫണ്‍ ഫാസ്റ്റ് എഡിറ്റ്‌സ് എന്ന പേരിലുള്ള പേജിന്റെ ഹാന്‍ഡില്‍ ഇതാണെങ്കിലും പേജില്‍ ഈ വീഡിയോ കണ്ടെത്താനായില്ല.

താപല്‍ ടീയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജും വെബ്‌സൈറ്റും പരിശോധിച്ചു. അതിലൊന്നും തന്നെ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യ ചിത്രം പങ്കുവച്ചതായി കാണാന്‍ കഴിഞ്ഞില്ല. അത്തരത്തിലൊരു പരസ്യം പുറത്തിറക്കിയത് സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചില്ലെന്നും ടൈംസ് ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഫെബ്രുവരി 27നാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്റെ പിടിയിലാകുന്നത്. പിന്നീട് മൂന്ന് ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് അഭിനന്ദന്‍ ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് അഭിനന്ദനെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയിലേക്ക് സ്വീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular