മോദിക്ക് വെല്ലുവിളിയാകാന്‍ ഹസാരെ; റാഫാല്‍ ഇടപട് സംബന്ധിച്ച രേഖകള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: കാര്‍ഷികപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്താമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മോദിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. റഫാല്‍ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്ന് ഹസാരെ പറഞ്ഞു. രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹസാരെ തയ്യാറായില്ല. കരാറുണ്ടാക്കുന്നതിന് ഒരുമാസംമുമ്പ് രൂപവത്കരിച്ച കമ്പനിയെ എങ്ങനെ ഇടപാടില്‍ പങ്കാളിയാക്കി എന്നത് മനസ്സിലാകുന്നില്ലെന്ന് ഹസാരെ പറഞ്ഞു. ലോക്പാല്‍ നിയമം നടപ്പാക്കിയിരുന്നെങ്കില്‍ റഫാല്‍ അഴിമതി ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 30 മുതല്‍ സ്വദേശമായ മഹാരാഷ്ട്രയിലെ റലേഗാവ് സിന്ധിയിലാണ് നിരാഹാര സമരം നടത്തുകയെന്ന് ഹസാരെ പറഞ്ഞു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരും. കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കല്‍, കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ എന്നിവ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നടപ്പായില്ല. വന്‍കിട വ്യവസായികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അവരുടെ കോടിക്കണക്കിനു രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുന്നു. അതിനാല്‍, ഇനിയും വ്യാജ ഉറപ്പുകള്‍ക്കായി കാത്തിരിക്കാനാവില്ല. ജീവനുള്ളിടത്തോളംകാലം നിരാഹാരം നടത്താനാണ് തീരുമാനം ഹസാരെ പറഞ്ഞു.

സമരത്തിന് രാഷ്ട്രീയ കിസാന്‍ മഹാപഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കാളികളാകുമെന്ന് നേതാക്കള്‍ പറഞ്ഞു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങി 15 സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകള്‍ ഹസാരെയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular