തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രയുടെ പേരില്‍ വന്‍തുക ചെലവഴിച്ചതിന്റെ പേരില്‍ വിവാദത്തില്‍പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വിമാന യാത്രാ ചെലവും ചര്‍ച്ചയാകുന്നു. പ്രളയക്കെടുതിക്കുശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് ചെലവിട്ടത് 7.60 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
പ്രത്യേക വിമാനത്തില്‍ അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബെംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് നല്‍കാനായി സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം കൈമാറി. പൊതുഭരണവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്.
കഴിഞ്ഞവര്‍ഷം തൃശ്ശൂരില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് തിരുവനന്തപുരത്തേക്ക് വന്നതും വിവാദമായിരുന്നു. തൃപ്രയാറില്‍ പാര്‍ട്ടി ജില്ലാസമ്മേളനം നടക്കുന്നിതിനിടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനും ഓഖി നഷ്ടം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തുന്നതിനുമായിരുന്നു നാട്ടിക ഹെലിപ്പാഡില്‍നിന്ന് യാത്രചെയ്തത്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടായിരുന്നു ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.
അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള എട്ടുലക്ഷം രൂപ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. യാത്ര വിവാദമായതോടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് പറഞ്ഞാണ് തടിയൂരിയത്.
പ്രളയാനന്തര പ്രതിസന്ധി തരണംചെയ്യാന്‍ പദ്ധതി വെട്ടിക്കുറയ്ക്കല്‍ അടക്കം വ്യാപകമായ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ സാലറി ചലഞ്ച് അടക്കമുള്ള നടപടികളും സ്വീകരിച്ച് പുനര്‍നിര്‍മാണത്തിന് കാത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ രണ്ടാം വിമാനയാത്രയും വിവാദമാവുന്നത്.