ഓസ്‌ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടമായി; ചാഹലിന് അഞ്ച് വിക്കറ്റ്‌

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് ഓസീസ്. ചാഹല്‍ അഞ്ച് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരി ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി. 39 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ചാഹലിന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു പന്തിനു ശേഷം ഖ്വാജയം ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. അടിച്ചു തകര്‍ക്കാന്‍ തുടങ്ങിയ മാക്‌സ് വെല്ലിനെ ഷമി പുറത്താക്കി.
മത്സരം തുടക്കത്തില്‍ മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡില്‍ കളിച്ച ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ടീമില്‍ ഇടം ലഭിച്ച വിജയ് ശങ്കര്‍, ഇന്ത്യയ്ക്കായി അരങ്ങേറി. അഡ്‌ലെയ്ഡില്‍ തല്ലു വാങ്ങിയ മുഹമ്മദ് സിറാജിനു പകരമായാണ് വിജയ് ശങ്കറിന്റെ വരവ്. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക. ജേസണ്‍ ബെഹ്‌റെന്‍ഡോഫിനു പകരം സ്റ്റാന്‍ലേക്കും സ്പിന്നര്‍ നഥാന്‍ ലിയോണിനു പകരം ആദം സാംപയും ടീമില്‍ ഇടംപിടിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular