സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദൈവത്തിന്റെ വികൃതികള്‍ (1992), മഴ(2000), കുലം, അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി.
1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. കേരളത്തിലെ വര്‍ഗീയ ധ്രുവീകരണത്തെയാണ് 2003 ല്‍ പുറത്തിറങ്ങിയ ‘അന്യര്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്‍’ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്.

ഭാര്യ ഡോ.രമണി. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.

Similar Articles

Comments

Advertismentspot_img

Most Popular