ബിജെപി എംഎല്‍എ ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും

ലക്‌നൗ: ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ ബിജെപി എംഎല്‍എ ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തില്‍ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണു മദ്യക്കുപ്പിയും കണ്ടെത്തിയത്. ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാളാണു പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ പിതാവും അടുത്തിടെ എസ്പിയില്‍നിന്ന് ബിജെപിയിലേക്കു കുടിയേറിയ നരേഷ് അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും ‘ഉന്നത നേതൃത്വത്തെ’ ഇക്കാര്യം അറിയിക്കുമെന്നും ഹാര്‍ദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്‌സഭാംഗം അന്‍ഷുല്‍ വര്‍മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അറിയിച്ചു. വലിയതോതിലുള്ള മദ്യവിതരണം നടന്നത് അറിയാതിരുന്നതെങ്ങനെയെന്ന് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിനോട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE