ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയുടെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടിയെയും കൊണ്ട് സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അസാധാരണമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ബിന്ദു പറഞ്ഞു.

കേരള- തമിഴ്നാട് ബോര്‍ഡറിലെ ‘വിദ്യ വനം’ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ബിന്ദുവിന്റെ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. നേരത്തെ അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പല്‍ തന്നോട് പറഞ്ഞു. സ്‌കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ തന്നോട് അറിയിച്ചു ബിന്ദു പറയുന്നു.

അതേ സമയം താന്‍ സ്‌കൂള്‍ അധികൃതരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്‌കൂളില്‍ പോയപ്പോള്‍ ഏകദേശം 60തോളം പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരില്‍ ഒരു പന്തികേട് തോന്നിയെന്നും ബിന്ദു പറയുന്നു. മകള്‍ക്ക് അഡ്മിഷന്‍ നിരസിച്ചതായി ഒരു അധ്യാപകനാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികാരികള്‍ ഭയപരവശരായിരുന്നുവെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടില്‍ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്‌കൂളിലേയ്ക്ക് വരേണ്ടെന്ന് സ്‌കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular