ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ നട അടച്ചിടാന്‍ തന്ത്രി തീരുമാനിച്ചു

സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ നട അടച്ചിടാന്‍ തന്ത്രി തീരുമാനിച്ചു. അതേസമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നു ബിന്ദുവും കനകദുര്‍ഗയും അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് ഒരുപാട് തടസ്സങ്ങളുണ്ടായി. ഇപ്പോഴവര്‍ക്ക് തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ല. അവര്‍ കയറിയെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇവര്‍ മല കയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു. അതേസമയം, ഇരുവരും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. കയറിയോ ഇല്ലയോയെന്നു സ്ഥിരീകരിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular