ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സന്നിധാനത്തെത്തി ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കി. ഇത്തവണ തടസങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പൊലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്തു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അതീവ സുരക്ഷയിലാണ് യുവതികളെ ശബരിമലയില്‍ പൊലീസ് എത്തിച്ചതെന്നാണ് വിവരം. ഇന്നലെ മാധ്യമശ്രദ്ധ വനിതാ മതിലില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനിടെയില്‍ അതീവരഹസ്യമായാണ് യുവതികളെ പൊലീസ് ശബരിമലയില്‍ എത്തിച്ചത്. ഇന്നലെ രാത്രി മുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ പമ്പയിലെ പൊലീസ് ഇത് നിഷേധിച്ചിരുന്നു. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്നും പമ്പ പൊലീസ് അറിയിച്ചിരുന്നു.
96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്ധ്യോഗിക കണക്ക്. വിഐപികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന വഴിയിലൂടെ അതീവ രഹസ്യമായിട്ടാണ് പൊലീസ് യുവതികളെ പമ്പയിലെത്തിച്ചത്. ഇവിടെ നിന്ന് യുവതികളെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ രഹസ്യമായിട്ടാണ് സന്നിധാനത്തെത്തിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular