ദലിത് ആക്ടിവിസ്റ്റ് അമ്മിണി ശബരിമല യാത്രയില്‍ നിന്ന് പിന്മാറി

പത്തനംതിട്ട: ദലിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്ന് പിന്മാറി.
ശബരിമല ദര്‍ശനത്തിനായി കോട്ടയത്ത് നിന്നും ഇന്ന് രാവിലെയോടെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്. ഇവിടെ നിന്നും അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പമ്പയില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നതെന്നും ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് അമ്മിണിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് യാത്രയില്‍ നിന്നും പിന്മാറുന്നതായി അമ്മിണി അറിയിച്ചത്.പമ്പയിലേക്ക് താന്‍ പോകുന്നില്ലെന്ന് അമ്മിണി അറിയിച്ചിട്ടുണ്ടെങ്കിലും അമ്മിണിയെ എത്തിച്ച എരുമേലി സ്റ്റേഷന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം വളഞ്ഞിരിക്കുകയാണ്.
അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ പേര്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയിട്ടുണ്ടെന്നും അല്‍പസമയത്തിനകം ഇവര്‍ പമ്പയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച്ച രാവിലെ അഞ്ച് മണിക്കൂറോളം നേരം പമ്പയിലുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മനിതി പ്രവര്‍ത്തകരുടെ രണ്ടാം സംഘത്തേയും ഉത്തരേന്ത്യയില്‍ നിന്നുമുള്ള വനിതകളെയും മല കയറാന്‍ പൊലീസ് അനുവദിച്ചേക്കില്ല എന്നാണ് സൂചന. മനിതി സംഘത്തെ മുന്‍പോട്ട് കൊണ്ടു പോകാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മനിതി സംഘം മടങ്ങുകയാണെന്നുമാണ് പമ്പയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ സുബ്രഹ്മണ്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അതേസമയം തങ്ങള്‍ക്ക് ശബരിമല കയറണമെന്നും എന്നാല്‍ പൊലീസ് തങ്ങളെ ബലമായി തിരിച്ചയക്കുകയാണെന്നുമാണ് മനിതി സംഘത്തെ നയിക്കുന്ന സെല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. നിലയ്ക്കല്‍ വരെ പൊലീസ് മനിതി സംഘത്തെ അനുഗമിക്കുമെന്നും അവിടെ നിന്നും അവര്‍ സ്വന്തം നിലയില്‍ തിരിച്ചു പോകുമെന്നുമാണ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular