ഇത്തവണ ചാലക്കുടിയില്‍ ഇന്നസെന്റിനെ ഇറക്കില്ല… പകരം ?

കൊച്ചി: ചാലക്കുടി ലോക്‌സഭ മണ്ഡലം സീറ്റ് ഇത്തവണ സിറ്റിംഗ് എംപി ഇന്നസെന്റിന് നല്‍കില്ല. പകരം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. മത്സരത്തിനില്ലെന്ന് ഇന്നസെന്റ് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും രാജ്യസഭാംഗമായിരിക്കെ മികച്ച പാര്‍ലമെന്റേറിയനെന്ന് പേരെടുത്ത പി രാജീവിന് അവസരം നല്‍കാനാണ് സി പി എം തീരുമാനം.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി പുറത്തിറക്കിയ അപ്രതീക്ഷിത തുറുപ്പ് ചീട്ടായിരുന്നു ഇന്നസെന്റ്. നടന്‍ മമ്മൂട്ടിയുടെ കൂടി നിര്‍ദ്ദേശ പ്രകാരം ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയെയാണ് തോല്‍പ്പിച്ചത്. യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇന്നസെന്റിന്റെ താര പരിവേഷവും പി സി ചാക്കോയോടുണ്ടായിരുന്ന പ്രാദേശിക എതിര്‍പ്പും ഇടതു മുന്നണിയുടെ വിജയം എളുപ്പമാക്കി.
അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ചാലക്കുടിയില്‍ മറ്റൊരു അങ്കത്തിന് ഇന്നസെന്റ് തയ്യാറല്ല എന്നാണ് സൂചന. സി പി എം ആകട്ടെ പാര്‍ലമെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള പി രാജീവിനെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. എറണാകുളം തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ രണ്ടിടത്തുമുള്ള പൊതു സ്വീകാര്യതയാണ് പി രാജീവിന്റെ നേട്ടം. എന്നാല്‍ സ്ഥാനാര്‍ത്ഥിയെപ്പറ്റി പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്
കുന്നത്തുനാട്, പെരുമ്പാവൂര്‍, ആലുവ , അങ്കമാലി മണ്ഡലങ്ങള്‍ക്കൊപ്പം തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ലോക്‌സഭ മണ്ഡലം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ആധിപത്യം. എന്നാല്‍ തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വലിയ മുന്‍ തൂക്കമുണ്ട്. ഈ ഘടകങ്ങളാകും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സ്വാധീനിക്കുക.
കൊടുങ്ങല്ലൂരിലും കൈപ്പമംഗലത്തും ഇടത് മുന്‍തൂക്കം പരമാവധി കുറക്കാന്‍ കഴിയുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് ആലോചന. മുതിര്‍ന്ന നേതാവ് പി സി ചാക്കോയും ടിഎന്‍ പ്രതാപനുമാണ് ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ളവര്‍. യുവ നേതാവ് മാത്യു കുഴല്‍നാടനേയും പരിഗണിക്കുന്നുണ്ട്. സാമുദായിക ഘടകങ്ങളും ചാലക്കുടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സ്വാധീനിച്ചേക്കും

Similar Articles

Comments

Advertismentspot_img

Most Popular