മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല…..! കാരണം…

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല കാരണം ഇതാണ്. ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍ മഞ്ഞപ്പടയ്‌ക്കെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് ആഞ്ഞടിച്ചിരുന്നു.
മാത്തേവൂസിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. പുനെക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ഹോം മത്സരത്തില്‍ സ്റ്റേഡിയം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട ക്യാംപയിന്‍ ആരംഭിച്ചു. ജെംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുന്‍ മത്സരങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതാണ് ആരാധകരുടെ മനംമാറ്റത്തിന് കാരണം.
മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…’വെറും 90 മിനുറ്റ് മാത്രം ആയുസുള്ള ആരാധകരല്ല ഞങ്ങള്‍. എല്ലാം ദിവസവും, എല്ലാ മണിക്കൂറിലും ഫുട്‌ബോള്‍ ആരാധകരാണ്. ഇന്നലെ ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കഴിഞ്ഞ 312 ദിവസമായി സ്വന്തം തട്ടകത്തില്‍ നാം ജയിച്ചിട്ടില്ല എന്ന സത്യത്തില്‍ നിന്ന് ഒളിക്കാനാവില്ല. എന്നാല്‍ നമുക്ക് വെള്ളിയാഴ്ച്ച ഹോം മത്സരമുണ്ട്. തോല്‍വികള്‍ ജയമാക്കി മാറ്റാനുള്ള അവസരം. നിങ്ങള്‍ക്കായി വീണ്ടും സ്റ്റേഡിയം ഇളക്കിമറിക്കാന്‍ ഞങ്ങളുണ്ടാകും’- മഞ്ഞപ്പട ഫേസ്ബുക്കില്‍ കുറിച്ചു.

SHARE