ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്നാണ് ജിസാറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്.
‘എരിയന്‍ 5’ റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണസംവിധാനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ഇത് സഹായിക്കും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.
ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ് -11 മേയ് 26-ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular