വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍; ഒന്നും, രണ്ടും ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും പഠിപ്പിച്ചാല്‍ മതി, ഹോംവര്‍ക്ക് വേണ്ട

ഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഒന്നും, രണ്ടും ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഈ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്നത് വിലക്കി. സ്‌കൂള്‍ ബാഗിന്റെ ഭാരവും നിജപ്പെടുത്തി.
പഠനഭാരവും സ്‌കൂള്‍ ബാഗിന്റെ ഭാരവും കുറയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിശദമായി മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിച്ചത്. ഒന്നു, രണ്ടു ക്‌ളാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളില്‍ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്രം മതിയെന്നാണ് നിര്‍ദേശം.
സ്‌കൂള്‍ ബാഗിന്റെ ഭാരവും കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി. ഒന്ന്, രണ്ടു ക്‌ളാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം പരമാവധി ഒന്നരകിലോയാണ്. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളില്‍ മൂന്നുകിലോ വരെയാകാം. ആറ്, ഏഴ് ക്‌ളാസുകളില്‍ നാലുകിലോയും എട്ടു ഒന്‍പത് ക്‌ളാസുകളില്‍ നാലരകിലോയുമാണ് പരമാവധി നിജപ്പെടുത്തിയിട്ടുള്ളത്. പത്താം ക്‌ളാസിലെ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോ വരെ ഭാരമാകാം.
അധിക പുസ്തകങ്ങളും പഠനോപകരണങ്ങളും കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടരുതെന്നും നിര്‍ദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തുടര്‍നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular