ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമോ? പണമിടപാട് സംബന്ധിച്ച് സംശയങ്ങള്‍

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണത്തെപ്പറ്റി ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് സി കെ ഉണ്ണിയുടെ പരാതി ഡി.ജി.പി അന്വേഷണ സംഘത്തിന് കൈമാറി. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനില്‍ നിന്ന് വീണ്ടു മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് മൊഴി നല്‍കിയത് നേരത്തെ സംശയത്തിന് ഇട നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ ബാലു പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. മകളും ഞാനുമായിരുന്നു മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നാണ് ലക്ഷ്മി പൊലീസിനോട് പറഞ്ഞത്.
ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും ജീവനെടുത്ത സെപ്റ്റംബര്‍ 25ലെ അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാണ് ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇതു ഉപേക്ഷിച്ച് രാത്രി യാത്രിക്ക് തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് വ്യക്തമായിരുന്നിട്ടും എന്തിന് പൊലീസിനോട് കള്ളം പറഞ്ഞു എന്നതാണ് മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികള്‍ പരസ്പരം വിരുദ്ധമാണ് ഇതിനെല്ലാം ഉത്തരം തേടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാടുള്ള ആയുര്‍വേദ ആശുപത്രിയാണ് അര്‍ജുനെ ഡ്രൈവറായി ബാലഭാസ്‌ക്കറിന്റെ ഒപ്പം അയച്ചത്.ഇതിനെപ്പറ്റിയും സംശയങ്ങളുണ്ടെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ പറയുന്നു.ഏറെക്കാലമായി പിതാവിനോട് അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്‌ക്കര്‍ വീണ്ടും കുടുബത്തോട് അടുത്തതിന് പിന്നാലെയാണ് അപകടമെന്നതും കുടുംബത്തെ അന്വേഷണം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി വീണ്ടും എടുക്കാന്‍ തീരുമാനിച്ചതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അറിയിച്ചു. ആദ്യമായി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പലരും കാര്യമായി കൃത്യമായി ഓര്‍ക്കാത്തതും പൊലീസിന് അന്വേഷണം മുന്നോട്ട് പോകാന്‍ തടസമാകുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular