സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന് സര്‍ക്കാര്‍ ഉത്തരവ്

ഹൈദരാബാദ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന്് സര്‍ക്കാര്‍ ഉത്തരവ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതി പിന്‍വലിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ ആന്ധ്രാപ്രദേശിന്റെ അധികാര പരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക് ഇടപെടാന്‍ ആവില്ല. സി.ബി.ഐയിലുണ്ടായ അഴിമതി ആരോപണങ്ങള്‍ മൂലം സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സി.ബി.ഐക്ക് പകരം ആന്ധ്രാപ്രദേശ് ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യായിരിക്കും റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ എ.സി.ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്തിനകത്തുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകളും റെയ്ഡുകളും നടത്താന്‍ സി.ബി.ഐക്ക് എല്ലാ സംസ്ഥാനങ്ങളും പൊതുവില്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഓരോ കേസിനും മുമ്പായി സി.ബി.ഐ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി തേടാറില്ല. ആ അനുമതിയാണ് ആന്ധ്രപ്രദേശ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന് വ്യക്തമല്ല.
മുമ്പ് ഛത്തീസ്ഡഢ് സര്‍ക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സി.ബി.ഐ അതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലും ഒരു കേസ് നിലവിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular