തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്

ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്. തിരുവനന്തപുരം, മംഗളൂരു അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹാട്ടി എന്നി ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) നടപ്പാക്കുന്നതിന് പാട്ടത്തിനുനല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
സേവനത്തില്‍ കാര്യക്ഷമത, വൈദഗ്ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍ പി.പി.പി. സഹായകരമാവും എന്നാണ് കണക്കുകൂട്ടുന്നത്. ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ പി.പി.പി. മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയില്‍ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവും ആഭ്യന്തരമായുള്ള യാത്രയും കൊച്ചിയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ആ അനുഭവമാണ് മറ്റിടങ്ങളിലും മാതൃകയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പുതിയ ആറിടങ്ങളില്‍ പി.പി.പി. നടപ്പാക്കുന്നതിന്റെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അതിനുമപ്പുറമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുകയാണെങ്കില്‍ നീതി ആയോഗ് സി.ഇ.ഒ. അധ്യക്ഷനായ സെക്രട്ടറിതല ഉന്നതസമിതി അവ പരിശോധിച്ച് തീരുമാനമെടുക്കും.
വിമാനത്താവള അതോറിറ്റിയുടെ നിക്ഷേപമില്ലാതെ ലോകനിലവാരമുള്ള സേവനം നല്‍കാനും വരുമാനം കൂട്ടാനും പി.പി.പി.വഴി സാധിക്കും. സേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പി.പി.പി. വിമാനത്താവളങ്ങള്‍ ഉന്നത നിലവാരത്തിലാണെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വിലയിരുത്തിയിട്ടുണ്ട്.

ഒന്നരക്കോടി നല്‍കിയില്ലെങ്കില്‍ കേസില്‍പെടുത്തുമെന്ന് ദിലീപിന് ഭീഷണി; ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി തരാന്‍ ആളുണ്ട്, പിന്നില്‍ നടിമാരും…?

SHARE