തന്ത്രി നിയമോപദേശം തേടേണ്ടത് ബി.ജെ.പിയോടല്ലെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്

കണ്ണൂര്‍: തന്ത്രി നിയമോപദേശം തേടേണ്ടത് ബി.ജെ.പിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിക്ക് വിശ്വാസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിലാണ് എന്നാണ് പറയുന്നത്. ശബരിമലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. തന്ത്രിക്ക് നിയപോദേശം നേടാന്‍ അവകാശമുണ്ട്. പക്ഷെ അതിന് ഉത്തരവാദിത്വപ്പെട്ട വേറെ ആളുകളുണ്ട്. തന്ത്രി നിയമോപദേശം നേടേണ്ടത് ബി.ജെ.പിയോടല്ല. ആ ഘട്ടത്തില്‍ ഉണ്ടായ പ്രത്യേക കൂട്ടുകെട്ടില്‍ തന്ത്രിയും ഭാഗവാക്കായി. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.
ശബരിമലയില്‍ അക്രമം നടത്തിയത് ബി.ജെ.പിയാണെന്ന് ശ്രീധരന്‍പിള്ള പച്ചയായി പറഞ്ഞിരിക്കയാണ്. ബി.ജെ.പിയുടെ ‘സ്ട്രാറ്റജിയാണ്’ നടപ്പിലാക്കിയത്. ഇക്കാര്യം ശ്രീധരന്‍പിള്ള ഇടക്കിടെ പറയുന്നത്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബകത്തെയും ക്ഷണിച്ചിരുന്നു. അവര്‍ വരും എന്നാണ് പ്രതീക്ഷിച്ചത്. ഇപ്പൊഴാണ് അവര്‍ വരാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായത്. ബി.ജെ.പിയുടെ അജണ്ടകള്‍ നടപ്പാക്കുന്ന ആളുകളായി ഇവരെ മാറ്റി എന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്.
ശബരിമലയില്‍ പണം ഭണ്ഡാരത്തില്‍ ഇടരുത് എന്ന് പറയുന്ന ആര്‍.എസ്.എസ് ഗുരുവായൂരിലും സമാനമായി സമരം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരല്ല. ശബരിമലയെ സംരക്ഷിക്കാന്‍ എന്ത് നടപടിക്കും സര്‍ക്കാര്‍ ഒരുക്കമാണ്. പ്രളയാനന്തരം ഏറ്റവും പ്രാധാന്യത്തോടെ സര്‍ക്കാര്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് ശബരിമലയിലാണ്. വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കാറുണ്ട്. മതനിരപേക്ഷത എന്നാല്‍ വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതനുസരിച്ച് ജീവിക്കാനുള്ള അവസരമൊരുക്കലാണ്.
ശബരിമലയിലെത്തുന്ന ലക്ഷങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പേ കേരളത്തില്‍ ഒരു ഹൈക്കോടതി വിധി വന്നിരുന്നു. സ്ത്രീ പ്രവേശനത്തിന് എതിരായ ഹര്‍ജിയിലായിരുന്നു ആ വിധി. അതിനുമുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പോകാറുണ്ടായിരുന്നു.
അതിന് ഏറ്റവും വലിയ തെളിവ് കുമ്മനം രാജശേഖരനാണ്. കുമ്മനം അന്ന് തന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. ആ കത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ ശബരിമലയില്‍ പോകാറുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതി സ്ത്രീ പ്രവേശനം വിലക്കി. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
1991 ഏപ്രില്‍ അഞ്ചിനാണ് ഈ വിധി വന്നത്. ഇടത് സര്‍ക്കാരുകളുടെ കാലത്തും ഈ വിധി നടപ്പാക്കുക തന്നെയാണ് ചെയ്തത്. പിന്നീട് സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ആര്‍.എസ്.എസിന്റെ ഭാഗമായ ആളുകളാണ്. പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്കും ഉണ്ട് എന്നാണ് ഇടതുപക്ഷത്തിന്റെ എക്കാലത്തെയും നിലപാട്. എന്നാല്‍ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഹിന്ദു പണ്ഡിതന്മാരോട് അഭിപ്രായം ആരായണമെന്നുമാണ് ഇടതുപക്ഷം അന്ന് സത്യവാങ്മൂലം നല്‍കിയത്.
ഭരണഘടനാ മൂല്യങ്ങള്‍ സംരകഷിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് സുപ്രീം കോടതി. ഇപ്പോഴും ആര്‍.എസ്.എസ് പറയുന്നത് സ്ത്രീ പ്രവേശനത്തിന് അനുകൂലമായാണ്. ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കേണ്ടതില്ല എന്ന് പറയുന്ന ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല. നമ്മുടെ ഭരണഘടന നിലനില്‍ക്കുന്നെടുത്തോളം കാലം അത് സാധ്യമല്ല. അതിനാലാണ് ആര്‍.എസ്.എസ് ഭരണഘടനയ്‌ക്കെതിരായി സംസാരിക്കുന്നത്. നുണ പറയുന്നതില്‍ സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാറിന്റെ നുണപ്രചാരണങ്ങളായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍ നടന്ന എല്‍.ഡി.എഫ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Similar Articles

Comments

Advertismentspot_img

Most Popular