ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ

ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍ അതിനു ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായത്.
HSV-1 വൈറസില്‍ നിന്നുണ്ടാകുന്ന Neonatal herpes ആയിരുന്നു കുഞ്ഞിന്റെ മരണകാരണം. ചെറിയ പനിയിലായിരുന്നു തുടക്കം. പിന്നീട് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി മാറി . വൈകാതെ കുഞ്ഞിനു ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ജന്നി പിടിപെടുകയും ചെയ്തു.
വൈകാതെ അലീസയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. അവള്‍ക്ക് നല്‍കികൊണ്ടിരുന്ന ജീവന്‍രക്ഷാഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ സ്‌നേഹത്തോടെ ചുംബിച്ച ആരില്‍ നിന്നോ പകര്‍ന്ന ഹെര്‍പ്പസ് അണുബാധയാണ് കുഞ്ഞിന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുംബനത്തില്‍ നിന്നോ വൃത്തിരഹിതമായ കൈകള്‍ കൊണ്ട് കുഞ്ഞിനെ എടുത്തതില്‍ നിന്നോ ആകാം ഈ അണുബാധ പകര്‍ന്നത്. അലീസയുടെ കരളിനെയും തലച്ചോറിനെയും വരെ അണുബാധ ബാധിച്ചിരുന്നു.
അലീസയുടെ മരണശേഷം അമ്മ അബിഗെയില്‍ ഫേസ്ബുക്കില്‍ തന്റെ മകളുടെ മരണത്തിന്റെ കാരണത്തെ കുറിച്ചും കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും പോസ്റ്റ് ചെയ്തിരുന്നു. ലോകമെമ്പാടു നിന്നും വലിയ പ്രതികരണമാണ് ഇതിനു ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular