പൂനെ ഏകദിനം: 284 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി

പുണെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ജയിക്കാന്‍ 284 റണ്‍സ് വേണ്ട ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.
ഒന്‍പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിസ്സഹായനായിപ്പോയ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നല്ല ഒന്നാന്തരമൊരു റിപ്പര്‍. വെറും രണ്ട് ബൗണ്ടറികള്‍ നേടി രോഹിത് മടങ്ങുമ്പോള്‍ രണ്ടോവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സംഭാവന. ടോസ് നേടി ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിന്റെ ബാറ്റിങ് മികച്ചല്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് നേടിയത്.
മോശമായി തുടങ്ങിയ വിന്‍ഡീസിനെ മുന്നൂറിനടുത്തെത്തിച്ചത് അഞ്ചു റണ്‍സ് അകലെവച്ച് സെഞ്ച്വറി നഷ്ടമായ ഹോപ്പാണ്. 113 പന്തില്‍ നിന്ന് 95 റണ്‍സാണ് ഹോപ്പ് നേടിയത്. ആറ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്.
ആഷ്‌ലി നഴ്‌സ് 22 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 40 റണ്‍സ് എടുത്ത് അവസാന ഓവറില്‍ പുറത്തായി.
ചന്ദര്‍ പോള്‍ ഹേംരാജ്( 20 പന്തില്‍ 15), കീറണ്‍ പവല്‍(25 പന്തില്‍ 21), മാര്‍ലോണ്‍ സാമുവല്‍സ്( 17 പന്തില്‍ ഒന്‍പത്), ഷിമ്രോണ്‍ ഹെറ്റ്മയര്‍(21 പന്തില്‍ 37), റൂവന്‍ പവല്‍( 16 പന്തില്‍ നാല്), ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍( 39 പന്തില്‍ 32), അരങ്ങേറ്റ താരം ഫാബിയാന്‍ അലന്‍ ( ഏഴു പന്തില്‍ അഞ്ച്) കെമര്‍ റോച്ച് (19 പന്തില്‍ പുറത്താകാതെ 15) എന്നീങ്ങനെയാണ് മറ്റു വിക്കറ്റുകള്‍ വീണത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി വീഴ്ത്തി. വിക്കറ്റിനു പിന്നില്‍ മഹന്ദ്ര സിങ് ധോണിയും കളം നിറഞ്ഞു കളിച്ചു. രണ്ടു ക്യാച്ചും ഒരു സ്റ്റംമ്പിങ്ങും ഉള്‍പ്പെടെയാണ് ധോണി മിന്നിയത്.

Similar Articles

Comments

Advertismentspot_img

Most Popular