സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം; രണ്ട് കാറും ഒരു സ്‌കൂട്ടറും കത്തി നശിച്ചു, ആശ്രമത്തിനുനേരെ നടന്നത് ഹീനമായ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്‌നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചു.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോളാണ് സംഭവം അറിഞ്ഞതെന്ന് സ്വാമി സന്ദീപാനന്ദഗിരി അറിയിച്ചു.
ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ അക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്നത് ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രമം അഗ്‌നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തുന്നു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണ് സന്ദീപാനന്ദ ഗിരി. യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകര്‍ ചെയ്ത മഹത്തരമായ കാര്യങ്ങളാണു സന്ദീപാനന്ദ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ഇനിയും മുന്നോട്ടുപോകും. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്ത് കൂടുതല്‍ പ്രൗഢിയോടെ ആശ്രമം പ്രവര്‍ത്തിക്കേണ്ടതുണ്ട്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ആ ദൗത്യവും ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇനിയും ഇത്തരം ശക്തികളുടെ ആക്രമണമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണമുണ്ടായത്. ആശ്രമത്തിലുണ്ടായിരുന്ന രണ്ടു കാറുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്തു വയ്ക്കുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ സംഘപരിവാറെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നു കരുതേണ്ടെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു

Similar Articles

Comments

Advertismentspot_img

Most Popular