കൊച്ചി: രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയത്. പോലീസിന്റെ ഉചിതമായ ഇടപെടലാണ് അപകടകരമായ സ്ഥിതിയില്‍നിന്ന് ശബരിമലയെ രക്ഷപ്പെടുത്തിയത്. രാഹുല്‍ ഈശ്വറിന്റെ കൈയ്യില്‍ പ്ലാന്‍ സിയും ഡിയും എല്ലാമുണ്ടാകും. അതെന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ പരാജയപ്പെട്ടത് നാളെ ആവര്‍ത്തിച്ചേക്കാനിടയുണ്ട്. ഇത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും ചിലരുടെ സങ്കുചിത താല്‍പര്യങ്ങളാണ് ഇതിനുപിന്നിലുള്ളതെന്നും കടകംപള്ളി പറഞ്ഞു.
വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. കലാപത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായുള്ള സംശയങ്ങള്‍ സത്യമായിരുന്നെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെനിന്ന് മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. എന്തിനാണ് ഇവര്‍ കോപ്പുകൂട്ടിയിരുന്നതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
രാഹുല്‍ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവര്‍ക്ക് അന്യായ പ്രവൃത്തികള്‍ക്ക് അനുകൂലമായ സാഹചര്യം അനുവദിക്കാനാകില്ല. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ ദിവസങ്ങളോളം തമ്പടിച്ചാല്‍ മറ്റു ഭക്തര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാകും. എല്ലാവര്‍ക്കും ഈശ്വരനെ തൊഴാനുള്ള ക്രമീകരണങ്ങളുണ്ടാക്കുന്നതിനാണ് സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.