നിരോധനാജ്ഞ ലംഘിച്ചു; നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം, അറസ്റ്റ്

നിലയ്ക്കല്‍: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ആറുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ള സംഘമാണ് നിലയ്ക്കലില്‍ പ്രതിഷേധ സൂചകമായി കുത്തിയിരുന്ന് ശരണം വിളിച്ചത്. രണ്ടുദിവസമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രവര്‍ത്തകര്‍ എത്തിയത്.

ഇലവുങ്കലില്‍ നിന്ന് നടന്നു വന്ന ആറുപേരാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചത്. ഇടത്താവളത്തിന്റെ ഔട്ട് വേയുടെ അടുത്താണ് ഇവര്‍ കുത്തിയിരുന്നത്. പോലീസ് ഉത്തരവ് അറിയിച്ചെങ്കിലും പ്രതിധേഷം തുടരുമെന്ന് പറഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
വനിതകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ ഇതുപോലെ പ്രതിഷേധം തുടരുമെന്ന് യുവമോര്‍ച്ച അറിയിച്ചു.

നേരത്തെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് മരക്കൂട്ടത്തു വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ യാത്ര അവസാനിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ ജീവനക്കാരിയാണ് സുഹാസിനി.
വന്‍പ്രതിഷേധമാണ് മരക്കൂട്ടത്ത് ഉണ്ടായത്. വിദേശപൗരനായ സുഹൃത്തും സുഹാസിനിക്കൊപ്പമുണ്ടായിരുന്നു. തിരിച്ചിറങ്ങിയ സുഹാസിനിയെയും സുഹൃത്തിനെയും പമ്പ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അതേസമയം സുഹാസിനി തയ്യാറാണെങ്കില്‍ മുകളിലേക്ക് കയറാന്‍ സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ വന്‍പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ യാത്ര തുടരേണ്ടെന്ന് തീരുമാനിച്ച് സുഹാസിനിയും സുഹൃത്തും തിരിച്ചിറങ്ങുകയായിരുന്നു.

നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി പറഞ്ഞിരുന്നു.

ബുധനാഴ്ച റിപ്പോര്‍ട്ടിങ്ങിനെത്തിയ ദേശീയമാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ത്രീകളടക്കം എട്ടോളം മാധ്യമപ്രവര്‍ത്തകരെയാണ് ബുധനാഴ്ച പ്രതിധേഷക്കാര്‍ ആക്രമിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular