തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്ന വ്യാജപ്രചാരണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി . ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ വേണ്ടി വരുന്ന 487 കോടി രൂപ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വരവ് ചെലവ് കണക്കുകള്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
201718ല്‍ ശബരിമലയില്‍ നിന്നുള്ള 342 കോടി രൂപയുള്‍പ്പെടെ ക്ഷേത്രങ്ങളില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത് ആകെ 683 കോടി രൂപയാണ്. കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അടക്കമുള്ള തുകയാണിത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണ്. 201718 ല്‍ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും, അതിലും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകള്‍ ഇതായിരിക്കേ, തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു