രണ്ടാമൂഴം നിയമയുദ്ധമാക്കില്ല; കാര്യങ്ങള്‍ നല്ല രീതിയില്‍ പോകും, എം ടിയെ കണ്ട് ക്ഷമ ചോദിച്ചു,നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു , ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്ന് എം.ടിയോട് അഭ്യര്‍ത്ഥിച്ചതായും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒടിയന്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായുള്ള തിരക്കില്‍ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതേസമയം തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ എംടി ഉറച്ചു നില്‍ക്കുന്നെന്നാണ് സൂചന. 1000 കോടി മുതല്‍മുടക്കില്‍ ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എം.ടിയുടെ തിരക്കഥ പ്രശ്നമല്ലെന്നും തനിക്ക് സിനിമയാണ് വലുതെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുളള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചതോടെയാണ് രണ്ടാമൂഴം പ്രതിസന്ധിയിലായത്.
കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച എംടി സംവിധായകനില്‍ നിന്നും മുന്‍കൂര്‍ ആയി കൈപ്പറ്റിയ തുക തിരികെനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘രണ്ടാമൂഴം’ നോവലിനെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതി തടഞ്ഞു.
നാലുവര്‍ഷം മുമ്പാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരുവര്‍ഷം കൂടീ സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് എംടി ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച വിഖ്യാത നോവലാണ് സിനിമയ്ക്ക് ആധാരം. മോഹന്‍ലാലാണ് നായക കഥാപാത്രമായ ഭീമന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്. പരസ്യരംഗത്ത് ശ്രദ്ധേയനായ വി.എസ് ശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്.
ഒടിയനാണ് ശ്രീകുമാറിന്റെ ആദ്യ മോഹന്‍ലാല്‍ ചിത്രം. കെ.യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ഹെയ്നാണ്. പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടി ആണ് രണ്ടാമൂഴത്തിന്റെ നിര്‍മാതാവ്. സിനിമയുടെ പ്രഖ്യാപനഘട്ടം മുതലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

അഭിനയം നിര്‍ത്താന്‍ ആഗ്രഹിക്കുന്നു; മറ്റൊരു ജോലിയിലേക്ക് പോവണം, അധികം താമസിയാതെ: മോഹന്‍ലാല്‍

pathram:
Related Post
Leave a Comment