മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് മാത്രം അനുമതി; ദുരിതാശ്വാസ പണം കണ്ടെത്താനുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്.

അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയര്‍ത്തുന്നതിനും കേന്ദ്രം അനുമതി നല്‍കിയില്ല. ഇതോടെ വിദേശ പര്യടനത്തിലൂടെ പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കാണു തിരിച്ചടിയേറ്റത്.

ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്‌സനല്‍ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദര്‍ശിക്കാനിരുന്നത്. അതേസമയം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ. രാജു, കെ.കെ. ശൈലജ എന്നിവരെ വിദേശ സന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല.

അതേസമയം പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 27,000 കോടിരൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യുഎന്‍ ആക്ടിങ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡിഡിഎന്‍എ കോഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ടിന്റെ കരടു കൈമാറിയത്.

റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8,554 കോടിയും ഭവന നിര്‍മാണ മേഖലയ്ക്ക് 5,659 കോടിയും കൃഷി, ഫിഷറീസിന് 4,499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3,903 കോടിയും ജലസേചനത്തിന് 1,484 കോടിയും വാട്ടര്‍ ആന്റ് സാനിറ്റേഷന് 1,331 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ രാജ്യത്തെ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നവകേരള നിര്‍മാണം മികവുറ്റതാക്കാന്‍ മികച്ച ആഗോള മാതൃകകളും മുന്നോട്ടു വയ്ക്കുന്നു. ഓരോയിടത്തേയും ജലത്തിന്റ ലഭ്യതയ്ക്കും ഒഴുക്കിനും അനുസരിച്ച് ഡച്ച് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിനു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്‌സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള മാതൃകയില്‍ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പിഡിഎന്‍എ റിപ്പോര്‍ട്ടാണിത്. 72 വിദഗ്ധര്‍ പത്ത് ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular