ധര്‍മ്മ ശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്…അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ; ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ.’ യേശുദാസ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെചൊല്ലി കേരളത്തില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കൂമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് യേശുദാസ്. സ്വാമിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ക്കിടെ സൂര്യ ഫെസ്റ്റിവലിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ.’ സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോടെയാണ് അദ്ദേഹം സദസ്സിനോട് സംസാരിച്ചത്. ‘എന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണം?’ യേശുദാസ് ചോദിക്കുന്നു

SHARE