അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി പൃഥ്വി റെക്കോര്‍ഡിട്ടു; ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി പതിനെട്ടുകാരന്‍

രാജ്‌കോട്ട്: ആദ്യ ഓവറില്‍തന്നെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് അരങ്ങേറ്റ മത്സരം കളിക്കുന്ന പതിനെട്ടുകാരന്‍. രാജ്‌കോട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായാണ് സെഞ്ച്വറിയോടെ റെക്കോര്‍ഡ് ബുക്കില്‍ കയറിയത്. 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് കന്നി സെഞ്ചുറി പിന്നിട്ടത്. ഇതോടെ, അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പൃഥ്വി ഷാ സ്വന്തമാക്കി. ഷായ്‌ക്കൊപ്പം 19ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയുടെയും മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 32.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഷാ 101 റണ്‍സോടെയും പൂജാര 67 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 171 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനന്‍ ഗബ്രിയേല്‍ വിന്‍ഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം ചേതേശ്വര്‍ പൂജാര ചേര്‍ന്നതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും പിന്നീട് ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുകി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഷായും പതിവിലേറെ വേഗതയില്‍ ബാറ്റേന്തിയ പൂജാരയും 11ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 58 പന്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി.
56 പന്തില്‍ പൃഥ്വി ഷാ അര്‍ധസെഞ്ചുറി പിന്നിട്ടു. ഏഴു ബൗണ്ടറികള്‍ സഹിതം അര്‍ധസെഞ്ചുറി കടന്ന ഷാ, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറി. 20ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. അധികം വൈകാതെ പൂജാരയും അര്‍ധസെഞ്ചുറി പിന്നിട്ടു. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് പൂജാര 19ാം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ചഭക്ഷണത്തിനു പിന്നാലെ 27 ഓവറില്‍ ഇന്ത്യ 150 കടന്നു. രണ്ടാം വിക്കറ്റില്‍ 158 പന്തില്‍ പന്തില്‍ ഷാപൂജാര കൂട്ടുകെട്ട് 150 പിന്നിട്ടു.

ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293ാം താരമാണ് ഷാ. ടെസ്റ്റില്‍ അരങ്ങേറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും ഷായാണ്. 17 വയസ്സും 265 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ വിജയ് മെഹ്‌റ (1955) പ്രായം കുറഞ്ഞ ഓപ്പണിങ് ബാറ്റ്‌സ്മാന്‍. ഇന്ന് അരങ്ങേറ്റം കുറിക്കുമ്പോള്‍ 18 വര്‍ഷവും 329 ദിവസവുമാണ് ഷായുടെ പ്രായം.

Similar Articles

Comments

Advertismentspot_img

Most Popular