അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്. അനിലിന്റെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും എറിക്സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറിക്സന്റെ പരാതി അനവസരത്തിലുള്ളതാണെന്നും പണം നല്‍കാന്‍ 60 ദിവസം സാവകാശം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ വ്യക്തമാക്കി. ബാങ്ക് ഗാരന്റി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

റഫാല്‍ കരാറില്‍ ഓഫ്സെറ്റ് കരാര്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിന് ഇടയിലാണ് എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിരോധ രംഗത്ത് യാതൊരു മുന്‍ പരിചയവുമില്ലാത്തതും കഴിഞ്ഞ നാല് വര്‍ഷമായി വലിയ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നതും കോടികളുടെ കടബാധ്യതയില്‍ നില്‍ക്കുന്നതുമായ അനില്‍ അംബാനി ഗ്രൂപ്പിനെ കരാര്‍ പങ്കാളിയാക്കിയത് വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട്, റിലയന്‍സിനെ പങ്കാളിയാക്കിയത് എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ സ്ഫോടനമാണ് ഉണ്ടാക്കിയത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട മോദി സര്‍ക്കാരിന്റെ പ്രതിരോധ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ എറിക്സണിന്റെ കേസ് അനില്‍ അംബാനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.

45,000 കോടി രൂപയുടെ കടത്തിലായിരുന്നു അനില്‍ അംബാനി ഗ്രൂപ്പ്. അനില്‍ അംബാനി ഗ്രൂപ്പിന്റെ കുടിശിക 1600 കോടി രൂപയായിരുന്നു.ഇത് 500 കോടിയാക്കി എറിക്സണ്‍ കിഴിവു ചെയ്തിരുന്നു. കഴിഞ്ഞ മാസം 30നു പണം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിശ്ചയിച്ച ദിവസം പണം കിട്ടാതെ വന്നതോടെ കമ്പനി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ നീതിന്യായവ്യവസ്ഥയെ അനില്‍ അംബാനി ബഹുമാനിക്കുന്നില്ലെന്നും നിയമപ്രക്രിയയെ അധിക്ഷേപിക്കുകയാണെന്നും എറിക്സണ്‍ കുറ്റപ്പെടുത്തി.

സ്പെക്ട്രം, ടവര്‍, കേബിള്‍ തുടങ്ങിയ സ്വത്ത് വകകളുടെ വില്‍പ്പനയിലൂടെ 25000 കോടി രൂപ കണ്ടെത്താന്‍ സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സ്പെക്ട്രം ഉപയോഗിക്കുന്നതിന് മുമ്പ് 2900 കോടി ബാങ്ക് ഗാരന്റി വേണമെന്നു ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതോടെ കരാര്‍ പ്രതിസന്ധിയിലാകുകയായിരുന്നു.

അതേസമയം റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ വ്യോമസേനാ മേധാവി സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നത് ശ്രദ്ധേയമായി. ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തത് ദസോ ഏവിയേഷനാണെന്നും ഇന്ത്യന്‍ സര്‍ക്കാരിനോ വ്യോമസേനയ്ക്കോ അക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു.

റഫാല്‍ ഇടപാട് മികച്ച ഒരു പാക്കേജാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ മേല്‍ക്കൈ നേടുന്നതിന് വിമാനം ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഫാല്‍ വിമാനങ്ങള്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയും. റഫാല്‍ ഇടപാടിലൂടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും നല്ലൊരു പാക്കേജാണ് നമുക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular