പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു.
ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുഖ്യ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.
രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍.

2014 ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് തമ്പി കണ്ണന്താനത്തിന്റെ അവസാന ചിത്രം. 1983 ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സിനിമാ പ്രവേശം. 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular