ഉയര്‍ന്ന തുകയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങരുത്; ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍ത്തു എന്നിട്ടും

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കു ഫ്രാന്‍സില്‍ നിന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത സമിതിയില്‍ (കോണ്‍ട്രാക്ട് നെഗോസ്യേഷന്‍ കമ്മിറ്റി– -സിഎന്‍സി) അംഗമായിരുന്ന പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജരുമായ രാജീവ് വര്‍മയാണു 2016 ല്‍ ചേര്‍ന്ന യോഗത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ചത്.

ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായി ചേര്‍ന്ന സിഎന്‍സി യോഗത്തില്‍ എതിര്‍പ്പുയര്‍ന്നതോടെ, കരാര്‍ നടപടിക്രമങ്ങള്‍ തടസ്സപ്പെട്ടു. എന്നാല്‍, രാജീവിന്റെ എതിര്‍പ്പ് അവഗണിച്ച അക്വിസിഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ കരാറിനു പച്ചക്കൊടി കാട്ടിയെന്നാണു സൂചന. യോഗത്തില്‍ തന്റെ എതിര്‍പ്പ് രേഖാമൂലം അറിയിച്ചതിനു പിന്നാലെ ഒരു മാസത്തേക്കു രാജീവ് അവധിയില്‍ പോയി. യുപിഎ സര്‍ക്കാരിന്റേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണു തങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണു രാജീവിന്റെ എതിര്‍പ്പ്. വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

എതിര്‍പ്പിന് അടിസ്ഥാനമായ കാര്യങ്ങള്‍ ഇവയാണ്…

കരാറിന്റെ അടിസ്ഥാന വില യുപിഎ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍.

മറ്റൊരു യുദ്ധവിമാനമായ യൂറോഫൈറ്ററിന്റെ നിര്‍മാതാക്കള്‍ റഫാലിനേക്കാള്‍ 20% കുറഞ്ഞ തുക 2014 ജൂലൈയില്‍ മുന്നോട്ടുവച്ചു. ഈ സാഹചര്യത്തില്‍ യൂറോഫൈറ്റര്‍ പരിഗണിക്കണം.

യൂറോഫൈറ്റര്‍ വാങ്ങുന്നില്ലെങ്കില്‍ അതേ തുകയ്ക്കു വിമാനങ്ങള്‍ ലഭ്യമാക്കാന്‍ റഫാലിനു നിര്‍ദേശം നല്‍കണം.

റഫാലിനായി നിശ്ചയിച്ച തുകയ്ക്കു സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങള്‍ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാന്‍ കഴിയും. പിന്നെയെന്തിനു റഫാല്‍ വാങ്ങുന്നു?

എതിര്‍പ്പ് രേഖപ്പെടുത്തി രാജീവ് എഴുതിയ കുറിപ്പ് റഫാല്‍ ഇടപാട് പരിശോധിക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിഗണിക്കും. ശൈത്യകാല സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

SHARE