കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്.കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞതായും എസ് പി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാളെ പാലാ കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുമെന്നും 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണം സംഘം വെളിപ്പെടുത്തി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാകും വൈദ്യപരിശോധന നടത്തുക. ഐജി വിജയ് സാഖറെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എസ് പി മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും പൊലീസ് ഇത് നിഷേധിച്ചു.ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതായി അന്വേഷണ സംഘം ജലന്ധര്‍ പൊലീസിനെയും അഭിഭാഷകരെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികള്‍ എത്തി. കേരള പോലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. പഞ്ചാബ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.
നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജലന്ധറിലെത്തിയ സമയത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരള പോലീസിന് ധൈര്യമുണ്ടായിരുന്നെങ്കില്‍ പോലീസ് ജലന്ധറില്‍ എത്തിയപ്പോള്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമായിരുന്നെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
2009 ജനുവരി 18–നാണ് ഡല്‍ഹി അതിരൂപതാ സഹായ മെത്രാനായി തൃശൂര്‍ മറ്റം സ്വദേശി ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. ഡല്‍ഹി അതിരൂപതയില്‍ മെത്രാന്‍ സ്ഥാനത്തെത്തുന്ന പ്രഥമ മലയാളിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. പഞ്ചാബിലെ ജലന്തര്‍ രൂപതയില്‍ വൈദികനായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു സഹായമെത്രാനായുള്ള നിയമനം. 1990 ല്‍ ആണു വൈദികപട്ടം സ്വീകരിച്ചത്. മറ്റം ഇടവകയില്‍നിന്നുള്ള രണ്ടാമത്തെ ബിഷപ്പാണ് ഫാ. ഫ്രാങ്കോ മുളയ്ക്കല്‍. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഡല്‍ഹി അതിരൂപതയുടെ പ്രഥമ മലയാളി സഹായമെത്രാനായി 2009 ഫെബ്രുവരി 21– നാണ് ചുമതലയേറ്റത്.
ജലന്തര്‍ രൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഫ്രാങ്കോ. രൂപതാ വൈദികരില്‍നിന്നു ബിഷപ്പായി ഉയരുന്ന ആദ്യത്തെയാളും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. നാഗ്പുര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനത്തിനു ശേഷം ജലന്തര്‍ രൂപതയില്‍ നിന്നു 1990ല്‍ വൈദികപട്ടം സ്വീകരിച്ചു. പഞ്ചാബ് ഗുരു നാനക് ദേവ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്നു മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. റോമില്‍ അപ്പോസ്തലിക് യൂണിയന്‍ ഓഫ് ക്ലര്‍ജിയില്‍ കോഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭ പഠിപ്പിക്കുന്ന വിശ്വാസ സംഹിതകളെ ചോദ്യം ചെയ്ത ഡാന്‍ബ്രൗണിന്റെ ഡാവിഞ്ചി കോഡ് ചലച്ചിത്രമായപ്പോള്‍ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പഞ്ചാബ്.