ഹരിശ്രീ അശോകന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷാ മറിഞ്ഞ് ഷൂട്ടിംഗിനിടെ അപകടം

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഹരിശ്രീ അശോകന് പരുക്ക്. കാക്കനാട്ടേ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഹരിശ്രീ അശോകന്‍ തന്നെ സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പരുക്ക് ഗുരുതരമല്ല.

ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ എടുക്കുന്നതിനിടയില്‍ ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. ആ സമയത്ത് ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത് എന്നിവര്‍ ഓട്ടോയിലുണ്ടായിരുന്നു. എല്ലാവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ശ്രീജിത്തിന്റെ കാലിനാണ് പരുക്ക് പറ്റിയത്. മറ്റൊരാളുടെ മൂക്കിനും പരുക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അവര്‍ ആശുപത്രി വിട്ടു.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ്. കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഈ മാസം പത്തിനാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രമൊരു കോമഡി എന്റര്‍ടെയിനറാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular