10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം പൂര്‍ത്തിയായി, പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയക്കെടുതിയും അതേതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളുടേയും പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് ഇതുവരേയുള്ള സഹായങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.നാശനഷ്ടങ്ങള്‍ നേരിട്ട കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ ധനവിതരണം ഏതാണ്ട് പൂര്‍ത്തായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ സഹായധനം നല്‍കിയത്.

മരണപ്പെട്ടവര്‍ക്കുള്ള സഹായം മൂന്നൂറോളം കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. മതിയായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് മാത്രമേ തുക നല്‍കാന്‍ ബാക്കിയുള്ളു. മുഖ്യമന്ത്രി വ്യക്തമാക്കി.ഭൂമി നഷ്ടപ്പെട്ടവര്‍ക്കുള്ള തുക, വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടുകളേപ്പറ്റിയും മുഖ്യമന്ത്രി കൂടുതല്‍ വ്യക്തത വരുത്തി.
സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 80 ക്യാംപുകളാണെന്നും, 2457പേരാണ് ഇവിടെ കഴിയുന്നതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളത്.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച സാധനങ്ങള്‍ വ്യക്തമായ മാനദണ്ഡമനുസരിച്ച് വിതരണം ചെയ്യുന്നത് തുടരുകയാണ്. 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുളള അപേക്ഷകളിന്മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,79,000 ത്തോളം വീടുകളില്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. 50,000 ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുളളതിനേക്കാള്‍ വലിയ തുക ലഭിക്കും. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്കായി നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും.

വീട് നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്രമാനദണ്ഡമനുസരിച്ച് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരമാണ് സംസ്ഥാനം നല്‍കുന്നത്. പൂര്‍ണ്ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോരമേഖലയില്‍ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ പത്തുലക്ഷം രൂപ ലഭിക്കും.

വിളകളുടെ കാര്യത്തിലും സംസ്ഥാനം നല്‍കുന്ന നഷ്ടപരിഹാരം വളരെ വലുതാണ്. ഒരു ഏക്ര ഭൂമിയിലെ തെങ്ങ് കൃഷിക്ക് 18,000 രൂപ നല്‍കാനാണ് കേന്ദ്ര നിര്‍ദേശമെങ്കില്‍ സംസ്ഥാനം 1,19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് വിളകള്‍ക്കും ഇതുപോലെ വര്‍ദ്ധിച്ച തുകയാണ് സംസ്ഥാനം നല്‍കുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ 80 ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 787 കുടുംബങ്ങളിലായി 2,457 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

വീടുകളും സ്‌കൂളുകളും ആശുപത്രികളും മറ്റ് പൊതു സ്ഥാപനങ്ങളും നിര്‍മ്മിച്ചുനല്‍കാനും അറ്റകുറ്റപ്പണി നടത്താനും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സംഘടനകളും സന്നദ്ധത അറിയിക്കുന്നുണ്ട്. ഇവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular