കരുണാകരനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും!!! ടി.എച്ച് മുസ്തഫ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍ ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആള്‍രൂപമാണെന്നും മുസ്തഫ ആരോപിച്ചു.

ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ബിയും, സിഎംപിയും ഒഴികെയുള്ള പാര്‍ട്ടികള്‍ എഗ്രൂപ്പിനൊപ്പം നിന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ജനങ്ങളോട് മാപ്പു പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമല്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതായി അച്ഛന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ പൊതു ചര്‍ച്ച നടക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ല. തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല. ചാരക്കേസില്‍ നീതി കിട്ടാതിരുന്നത് കരുണാകരന് മാത്രമാണ്.

കരുണാകരന്‍ രാജിവെക്കണമെന്ന് നിലപാട് സ്വീകരിച്ചത് ഘടകകക്ഷികളാണ്. മുഖ്യമന്ത്രി സ്ഥാനത്ത് കരുണാകരന്‍ തുടര്‍ന്നാല്‍ വിജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. സിഎംപിയും എന്‍ഡിപിയും മാത്രമാണ് കരുണാകരനെ പിന്തുണയ്ക്കാന്‍ തയ്യാറായത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പിവി നരസിംഹറാവുവിന്റെ നിലപാട് കൊടും ചതിയായിരുന്നു എന്ന് കരുണാകരന്‍ പറഞ്ഞതായും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ അഞ്ചു നേതാക്കളാണ് കെ കരുണാകരന്റെ മുഖ്യമന്ത്രിപദം തെറിക്കാന്‍ കാരണമായ ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മൊഴി നല്‍കുമെന്നും സുപ്രീംകോടതി വിധിക്ക് പിന്നാലെ പത്മജ പ്രതികരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular