കന്യാസ്ത്രീക്ക് നീതി ലഭ്യമാ ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്; ബിഷപ്പ് നിയമവ്യവസ്ഥയുടെ മുന്‍പില്‍ ഒരു പൗരന്‍ മാത്രം: തെറ്റ് തിരുത്താനുള്ള അവസരം സഭക്ക് ഇനിയുമുണ്ടെന്ന് സഖറിയ

ന്യൂഡല്‍ഹി: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാഹിത്യകാരന്‍ സഖറിയ. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭ്യമാ ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സഖറിയ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മുന്‍പില്‍ ഒരു പൗരന്‍ മാത്രമാണെന്നും സഖറിയ ചൂണ്ടിക്കാട്ടുന്നു. ഈ വസ്തുതയില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

കേരളം കത്തോലിക്ക സഭക്ക് കന്യാസ്ത്രീകളുടെ സമരം ഒരു മുന്നറിയിപ്പാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഉറപ്പാക്കണം. തെറ്റ് മനസിലാക്കി അത് തിരുത്താനുള്ള അവസരം സഭക്ക് ഇനിയുമുണ്ടെന്നും സഖറിയ വ്യതമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം: കന്യാസ്ത്രികളുടെ സമരത്തിനൊപ്പം

കന്യാസ്ത്രികളുടെ സമരത്തോട് ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇരയാക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഏറ്റവും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട നിയമപരമായ എല്ലാ മുന്‍ഗണനയും, പ്രത്യേകിച്ച് സുരക്ഷയും, അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മുമ്പില്‍ മറ്റൊരു പൗരന്‍ മാത്രമാണ് എന്ന വസ്തുതയില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലുമാണ്. മറ്റേത് പൗരനെയും പോലെ ഫ്രാങ്കോ മുളക്കലും നിയമത്തിന് കീഴ്വഴങ്ങുന്നുവെന്ന് സംശയാതീതമായി ഉറപ്പുവരുത്താനുള്ള ചുമതല സര്‍ക്കാരിനുണ്ട്.

കത്തോലിക്കാ പൗരോഹിത്യത്തിലെ ലൈംഗികതാപ്രതിസന്ധിയിലേക്ക് മാര്‍പ്പാപ്പ തന്നെ ഉത്തരം തേടി നേരിട്ടിറങ്ങിപുറപ്പെട്ടി രിക്കുന്നു എന്നിരിക്കെ ഇന്ത്യന്‍ സഭ ഒരു നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനയ്ക്കും തിരുത്തിനും തയ്യാറാകണം. സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോര്‍പ്പറേറ്റ് ജീവിതത്തില്‍ കുരുങ്ങി കിടക്കുന്ന കേരളകത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസിലാക്കി സ്വയം അഭിമുഖീ കരിക്കാനും തിരുത്താനും സഭയ്ക്ക് ഒരുപക്ഷെ ഇനിയും സമയമുണ്ട്. യുദ്ധക്കളത്തിലെ കന്യാസ്ത്രി സഹോദരിമാര്‍ക്ക് എന്റെ എളിയ അഭിവാദ്യങ്ങള്‍!

Similar Articles

Comments

Advertismentspot_img

Most Popular