പൊലീസിന് ഇനി പുതിയ വയര്‍ലെസ് സെറ്റുകള്‍; സവിശേഷതകള്‍ നിരവധി

കൊച്ചി: പൊലീസ് സേനയ്ക്കു ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ (ഡിഎംആര്‍) വയര്‍ലെസ് സെറ്റുകള്‍ വാങ്ങാന്‍ തീരുമാനം. സന്ദേശ ചോര്‍ച്ച തടയുന്നതിനൊപ്പം വയര്‍ലെസ് തകരാറിലൂടെയുള്ള ചില ഉദ്യോഗസ്ഥരുടെ തരികിടകളും ഇതോടെ നിലയ്ക്കും. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും
തൃശൂരിലും ഇവ വിജയകരമായി പരീക്ഷിച്ചതോടെയാണു കാല്‍ നൂറ്റാണ്ടായി ഉപയോഗിക്കുന്ന അനലോഗ് വയര്‍ലെസ് സെറ്റുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അനലോഗ് സെറ്റുകളിലെ സംഭാഷണം ആര്‍ക്കും ചോര്‍ത്താനാവും. അതേ തരംഗദൈര്‍ഘ്യമുള്ള സെറ്റോ റേഡിയോയോ ഉണ്ടായാല്‍ മതി. പൊലീസിന് ഇതു പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ ഫ്രീക്വന്‍സികളും ചാനലുകളും വേണം. ഇതിനായി വര്‍ഷം തോറും കോടികള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കണം.

ഈ പ്രശ്‌നങ്ങള്‍ മറികടക്കുന്നതാണു പുതിയ ഡിഎംആര്‍ സാങ്കേതികവിദ്യ. കേരള പൊലീസ് ഇന്ത്യയിലാദ്യമായി ഡിഎംആറിന്റെ ടയര്‍ 3 സാങ്കേതികവിദ്യയാണു നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണു നടപ്പാക്കുക. പൊലീസ് നവീകരണ ഫണ്ടില്‍നിന്നു 15 കോടി രൂപ ഇതിനായി മാറ്റിവച്ചു. ടെന്‍ഡര്‍ നടപടി അന്തിമ ഘട്ടത്തിലാണ്.

ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ ഇവയാണ്. ചോര്‍ത്താന്‍ കഴിയില്ല. സംഭാഷണം കോഡ് ചെയ്താണു വയര്‍ലെസ് സെറ്റില്‍നിന്നു പുറത്തേക്കു പോകുന്നത്. മറ്റുള്ളവര്‍ക്കു കേള്‍ക്കാന്‍ കഴിയില്ല.
ഏതു സെറ്റില്‍നിന്ന് ആര്, എവിടെനിന്നു വിളിക്കുന്നു എന്നു കണ്‍ട്രോള്‍ റൂമില്‍ അറിയാം. സെറ്റ് കയ്യിലുള്ളവര്‍ക്കും ഉറവിടം സ്‌ക്രീനില്‍ കാണാം. കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ റിമോട്ട് കില്ലിങ് വഴി പ്രവര്‍ത്തനരഹിതമാക്കാം. തിരികെ ലഭിക്കുമ്പോള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാം. പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കി സംസാരിക്കാം. കമ്മിഷണര്‍ക്കു വേണമെങ്കില്‍ എസ്‌ഐമാരുമായി മാത്രമായും ഡിസിപിക്ക് എസിമാരുമായും സംസാരിക്കാം. ഒരു വിവരം ലഭിച്ചാല്‍ പൊലീസ് സംഘം എത്ര മിനിറ്റിനകം സ്ഥലത്തെത്തിയെന്ന് അറിയാം. എസ്എംഎസ്, ചിത്രങ്ങള്‍, വോയ്‌സ് മെസേജ്, ഡേറ്റ എന്നിവ കൈമാറാം.

ഒരു ഫ്രീക്വന്‍സിയില്‍ രണ്ട് ആശയവിനിമയമാകാം. കേന്ദ്ര സര്‍ക്കാരിനു വര്‍ഷം തോറും ഫ്രീക്വന്‍സി ഇനത്തില്‍ നല്‍കുന്ന തുക പകുതിയാകും. സെറ്റ് നിശ്ചിത സമയത്തിലേറെ പ്രവര്‍ത്തിക്കാതിരുന്നാലോ മറിഞ്ഞുവീണു കിടന്നാലോ കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് ലഭിക്കും. ഉപയോഗിക്കുന്നയാള്‍ക്ക് അപകടം പറ്റിയതായി അതുവഴി മനസ്സിലാക്കാം എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഇതിനുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular