തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എസ് രാജേന്ദ്രന്‍ , പി വി അന്‍വര്‍ എംഎല്‍എമാര്‍ നിരത്തിയ ന്യായീകരണങ്ങള്‍ക്കെതിരെ പരോക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല … തുടങ്ങിയ കുയുക്തികള്‍ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം. സ്വതവേ ഉരുള്‍ പൊട്ടുന്ന സ്വഭാവമുള്ള ഭൂപ്രദേശമാണ് മലനാട്. അത്തരം ഭൂമിയില്‍ കുന്നിടിക്കുന്നതും പാറമടകള്‍ നടത്തുന്നതും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ഭൂമിയുടെ ലഭ്യത പാരിസ്ഥിതിക പ്രശ്നങ്ങള്‍ മറ്റ് ഭൗമശാസ്ത്ര പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചുകൊണ്ട് മാത്രമേ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, നിലവിലുളള നിര്‍മ്മിതികളെല്ലാം നിലനിര്‍ത്തേണ്ടതാണ് എന്ന സമീപനം മാറ്റണം. ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലുകളുടെ അനുഭവം വെച്ച്, സമയാസമയങ്ങളില്‍ ഭൗമശാസ്ത്ര പരിശോധനകള്‍ നടത്തി, ദുര്‍ബ്ബലമാകുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടങ്ങള്‍ ഒഴിവാക്കാനുമുള്ള സ്ഥിരമായ സംവിധാനത്തിന് രൂപം കൊടുക്കണം.
പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കപ്പെട്ട ഉല്‍പ്പാദന വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാവണം, നമ്മുടെ ആവാസ വ്യവസ്ഥ. സംസ്ഥാനത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാരിസ്ഥിതിക അച്ചടക്കവും ഉല്‍പ്പാദന വ്യവസ്ഥയുടെ അച്ചടക്കവും പാലിക്കുന്നുണ്ട് എന്ന് ഭരണകൂടം ഉറപ്പുവരുത്തണം. ഭവനങ്ങള്‍ക്കും ഇതര നിര്‍മ്മിതികള്‍ക്കും വെവ്വേറെ അനുമതികള്‍ വേണം. ജനവാസ മേഖല, വാണിജ്യ മേഖല, വ്യവസായ മേഖല എന്നിങ്ങനെയുള്ള വേര്‍തിരിവുകളുടെ അഭാവത്തില്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിടും. ഭവന നിര്‍മ്മാണത്തിന് ചില ക്രിയാത്മക മാതൃകകള്‍ രൂപപ്പെടുത്തണം. എട്ട് വര്‍ഷം മുമ്പ് ചിലി സുനാമി ദുരന്തത്തില്‍നിന്ന് കരകയറിയപ്പോള്‍ അവര്‍ നിര്‍മ്മിച്ചത് പൂര്‍ണ വീടുകളായിരുന്നില്ല. പിന്നീട് വികസിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളാണ്. ഇത്തരം മാതൃകകള്‍ കണ്ടെത്തണം.
അടിസ്ഥാന സൗകര്യങ്ങള്‍ വിപണിക്കു വേണ്ടിയാവരുത്. ഉല്‍പ്പാദകര്‍ക്ക് വേണ്ടി ഉത്പാദന വ്യവസ്ഥ പുനഃസ്ഥാപിക്കുകയും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന നവ കേരള സൃഷ്ടിയാണ് നമുക്ക് അഭികാമ്യം. ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം നമുക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. നമുക്ക് മൂല്യമുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളുണ്ട്. ആയിരക്കണക്കിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി, കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്താന്‍ ശ്രമിക്കണം. ഗ്രാമീണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ കേവലം റോഡുകളും പാലങ്ങളും മാത്രമാണെന്ന ധാരണ തിരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ സഹായത്തോടെ നടത്തേണ്ട ദീര്‍ഘകാല ഉല്‍പ്പാദനവ്യവസ്ഥയുടെ പുനസൃഷ്ടിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.