തിരുവനന്തപുരം: എലിപ്പനി ബാധിച്ച് രണ്ടുദിവസത്തിനിടെ 21 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ മാത്രം കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഏഴുപേരും ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തരും മരിച്ചു.
ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മാത്രം 269 പേര്‍ ചികില്‍സ തേടി. കോട്ടയം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 പേര്‍ രോഗബാധിതരായി. കഴിഞ്ഞമാസം എലിപ്പനി സംശയിച്ചു ചികില്‍സ തേടിയ 559 പേരില്‍ 229 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം.
ഇന്നലെ രോഗം സ്ഥിരീകരിച്ചതിന്റെ മറ്റു ജില്ലകളില്‍നിന്നുള്ള കണക്കിങ്ങനെ: മലപ്പുറം -14, തൃശൂര്‍ -9, പത്തനംതിട്ട, കോട്ടയം മൂന്നു വീതം, ആലപ്പുഴ, കാസര്‍കോട്- രണ്ടു വീതം, പാലക്കാട്- 1
എറണാകുളത്തു 14 പേര്‍ക്കും തൃശൂരില്‍ 13 പേര്‍ക്കും ആലപ്പുഴയില്‍ 10 പേര്‍ക്കും പാലക്കാട്ട് 9 പേര്‍ക്കും രോഗം സംശയിക്കുന്നു. ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിനു ചുവപ്പ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണു രോഗലക്ഷണങ്ങള്‍. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികില്‍സയും സാംപിള്‍ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്കായി താലൂക്ക് ആശുപത്രി തലം മുതല്‍ പെനിസിലിന്‍ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യും