പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനം. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു മാത്രം ഉയര്‍ന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളില്‍ ഡീസല്‍വില 74 രൂപയ്ക്ക് മുകളിലും.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലര്‍ധനയ്ക്കു കാരണമാകുന്നുണ്ട്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.

കഴിഞ്ഞ നാലു ദിവസവും വില ഉയര്‍ന്നു. 26 നു പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം രണ്ടര രൂപയോളം വര്‍ധിച്ചു. പെട്രോള്‍ വിലയിലും രണ്ടു രൂപയുടെ വര്‍ധന ഓഗസ്റ്റില്‍ ഇതുവരെയുണ്ട്. പ്രളയ ദിനങ്ങളിലും വില നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Similar Articles

Comments

Advertismentspot_img

Most Popular