പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യൂ….മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണം. ഒട്ടേറെപ്പേര്‍ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചീഫ് സെക്രട്ടറിക്കാണ് ഗവര്‍ണര്‍ പണം കൈമാറിയത്. ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ അറിയിച്ചിരുന്നു.

ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും. ആരോഗ്യവകുപ്പ് ജീവനക്കാരെല്ലാം ഇത്തരത്തില്‍ ശമ്പളം നല്‍കണമെന്ന അഭിപ്രായം തനിക്കുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുകയാണെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനും ഡയറക്ടര്‍ കെവി മോഹന്‍കുമാറും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കും.

ഡിജിപി ലോക്നാഥ് ബെഹ്റയും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് അനുകൂലമായി പ്രതികരിച്ചു. പിന്തുണ തേടി മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കു കത്തയച്ചതായി ലോക്നാഥ് ബെഹറ പറഞ്ഞു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന് യുഡിഎഫ് എംഎല്‍എമാര്‍ നേരത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ പിന്തുണച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തുവന്നു. സിപിഎം അനുകൂല സംഘടനയായ അസോസിയേഷന്റെ അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം നിധിയിലേക്കു നല്‍കും.പ്രളയ ദുരിതത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനാണ് മുഖ്യമന്ത്രി ഇന്നലെ അഭ്യര്‍ഥിച്ചത്. ശമ്പളം ഒരുമിച്ചു നല്‍കാന്‍ പലര്‍ക്കും പ്രയാസമായതിനാല്‍ മുന്നു ദിവസത്തെ ശമ്പളം വച്ച് പത്തു ഗഡുക്കളായി നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular