‘പണമൊന്നും വേണ്ട, ഓര്‍ത്താല്‍ മതിയെന്ന് അവര്‍’ നിങ്ങളെയൊക്കെ ശല്യപ്പെടുത്താന്‍ ഞാന്‍ ബാക്കിയുണ്ടെന്ന് സലിംകുമാര്‍

കൊച്ചി: പണം ഒന്നുമല്ലെന്ന് തെളിയിക്കാന്‍ ഒരു മത്സ്യതൊഴിലാളി വേണ്ടി വന്നു. എന്നെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പണമൊന്നും വേണ്ടെന്നും ഓര്‍ത്താല്‍ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഞങ്ങള്‍ പലരേയും ചുമലിലേറ്റിയാണ് അവര്‍ രക്ഷിച്ചത്. അവര്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവിതം മറന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാന്‍ വൈപ്പിന്‍ ഗോശ്രീ ജംക്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

ഞാന്‍ മരണമുഖത്ത് നിന്നും വീണ്ടും രക്ഷപ്പെട്ടു. പ്രളയത്തിനുപോലും എന്നെ കൊണ്ടുപോകാന്‍ കഴിയില്ലെന്നായി. ഇക്കുറി മത്സ്യതൊഴിലാളികളാണ് രക്ഷരായത്. മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തില്‍ ഞങ്ങളേയും അയല്‍ക്കാരേയുമുള്‍പ്പെടെ നിരവധിപേരെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നിങ്ങളെയൊക്കെ ശല്യപ്പെടുത്താന്‍ ഞാന്‍ ബാക്കിയുണ്ട്. പ്രളയം പാഠമാകണം. ഇത്രയേറെ നമ്മള്‍ പ്രകൃതിയെ ദ്രോഹിച്ചതല്ലേ, ഇത്രയെങ്കിലും തിരിച്ചടിക്കേണ്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4 ദിവസത്തിനിടെ 1800 പേരെ രക്ഷിച്ച പൂങ്കാവനം എന്ന വളത്തിനെ ചടങ്ങില്‍ പ്രത്യേകമായി അഭിനന്ദിച്ചു. ദുരന്തമുഖത്ത് രക്ഷകരായെത്തിയ 500-ലേറെ മത്സ്യതൊഴിലാളികളെ വൈപ്പിനില്‍ ആദരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular