മൂന്ന് വര്‍ഷംകൊണ്ട് ഇന്ത്യ ബഹിരാകാശത്ത് ആളെയെത്തിക്കും; രാജ്യം 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. 2022 ലോ സാധിക്കുമെങ്കില്‍ അതിന് മുമ്പ് തന്നെയോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്രദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പെണ്‍കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മള്‍ ഉറപ്പുവരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയില്‍ വികസിക്കാനാകൂയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മറ്റു ഭാഗങ്ങളില്‍ മികച്ച കാലവര്‍ഷം ലഭിച്ചു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരുകാലത്ത് വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ക്ക് ഡല്‍ഹിയെന്നത് വളരെ ദൂരെയുള്ള സ്ഥലമായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിയെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ വാതില്‍പ്പടിയില്‍ ഞങ്ങളെത്തിച്ചെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

SHARE