പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്‍മാര്‍, സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും

കൊച്ചി: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നടന്‍മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25ലക്ഷം രൂപ നല്‍കും.

സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങള്‍ക്കകമുണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും അനുവദിച്ചിരുന്നു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നാണ് അഭ്യര്‍ത്ഥന

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 33 പേരാണ് മരിച്ചത്. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ ദുരന്തങ്ങളുടെ ആഘാതം കൂട്ടി. നിരവധി വീടുകളും, കെട്ടിടങ്ങളും നശിച്ചു. വന്‍ കൃഷിനാശവും സംഭവിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ മഴ കനത്ത നാശമാണ് വിതച്ചത്.

pathram desk 2:
Related Post
Leave a Comment