‘ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്’ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വൈദികര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്. പല തവണ പീഡനത്തിനിരയായെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല. ഉഭയകക്ഷി സമ്മതപ്രകാരമുണ്ടായ ബന്ധങ്ങളെ പീഡനമായി ചിത്രീകരിക്കുകയാണെന്ന വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാനാകുമോയെന്നും വെള്ളാപ്പള്ളി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രളയം കുട്ടനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. കുട്ടനാട്ടിലെ ജനങ്ങളില്‍ 90 ശതമാനവും പിന്നാക്കക്കാരും ദളിതരുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ്. പണമുള്ള മറ്റു പലരും പണ്ടേ നഗരങ്ങളില്‍ ചേക്കേറി. എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരന് എന്നും പാടവരമ്പരത്ത് വസിക്കാനാണ് വിധി. വെള്ളം ഒരുപാടുണ്ടായിട്ടും കുടിക്കാനും കുളിക്കാനുമില്ല. മരിച്ചാല്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്ല. കുട്ടനാടിനോട് അധികാരികള്‍ കാണിക്കുന്ന അവഗണന സഹിക്കാവുന്നതിന് അപ്പുറമാണ്.

മഴക്കാലമായാല്‍ മൃതദേഹങ്ങള്‍ വാഴപ്പിണ്ടിയുടെ പുറത്തു ദഹിപ്പിക്കേണ്ടിവരുന്നവരുടെ വികാരങ്ങള്‍ തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കാകണം. 1200 കോടി രൂപ ചെലവഴിപ്പിച്ച കുട്ടനാട് പാക്കേജ് പലര്‍ക്കും കൈയിട്ടുവാരാന്‍മാത്രമാണ് ഉപകരിച്ചത്. പാക്കേജ്‌കൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല. ഇതിന്റെ വിനിയോഗം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടാല്‍ വസ്തുതകള്‍ വ്യക്തമാകും.

എല്ലാ പഞ്ചായത്തുകളിലും ഒരു പൊതു ശ്മശാനമെങ്കിലും നിര്‍മിക്കാമായിരുന്നു. കുടിവെള്ളം ലഭ്യമാക്കാമായിരുന്നു. തകര്‍ന്നടിഞ്ഞ നിരത്തുകള്‍ കുട്ടനാടിന് ദുരിതമായി അവശേഷിക്കുന്നു. ഈ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും ഇച്ഛാശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന സര്‍ക്കാര്‍ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന, സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ നടപ്പാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular